Nurunguvettam

ഒഴിവാക്കേണ്ട പ്രസവ ഡയലോഗുകൾ. ഇനി ചോദിച്ചാൽ അതിനുള്ള മറുപടികളും :)

1. പാൽ

" അവൾക്ക് ഒട്ടും പാലില്ല "
- എന്ത്യേ, കറന്ന് വിറ്റോളാന്ന് വല്ല കരാറുമുണ്ടാരുന്നോ?

 

" കുഞ്ഞിനോട് സ്നേഹം ഇല്ലാത്തകൊണ്ടാ പാൽ വരാത്തേ "
- ഫ, കടക്ക് പുറത്ത്..

 

" ആ കൊച്ച് കിടന്ന് കരയുന്നത് കണ്ടില്ലേ? അതിന് പാല് തെകയുന്നില്ലാരിക്കും"
- തണുപ്പടിച്ചപ്പൊ കരഞ്ഞ വാവ : " താനെന്ത് തേങ്ങയാടോ ഈ പറയുന്നത്."

 

" മൂന്ന് മാസമായില്ലേ, ഇനി കുറുക്കൊക്കെ കൊടുക്കാം. പാല് കൊണ്ട് മാത്രം കൊച്ചിൻ്റെ വിശപ്പ് മാറുന്നുണ്ടാവില്ല "
- എന്ന് കൊച്ച് നിങ്ങളോട് പറഞ്ഞോ?

 

" ഈ പാല് കൊണ്ട് മാത്രം എന്താവാനാ? "
- നന്നാവാനാ

 

2. അമ്മ

" വണ്ണം കൂടിയല്ലോ, കുറയ്ക്കണം കേട്ടോ? "
- സൗകര്യമില്ല

 

" സുഖപ്രസവമല്ലാരുന്നോ? "
- ഓ, അത്ര സുഖമൊന്നുമില്ലാരുന്നു.

 

" സിസേറിയനല്ലാരുന്നോ? വേദന അറിഞ്ഞില്ലാരിക്കുമല്ലോ "
- യേയ്..ഡോക്ടറ് പൂവിതളോണ്ടാ കീറിയത്. അപ്പത്തന്നെ മുറിവ് കരിയുകേം ചെയ്തു..."

 

" പ്രസവിച്ചിട്ടും തീരെ വണ്ണം വച്ചില്ലല്ലോ? "
- അയിന്?... ഈ പ്രദേശത്തൊക്കെ വണ്ണം വയ്ക്കാനായിരുന്നോ പ്രസവം?

 

" പകൽ ഒറങ്ങരുത് "
- ആയ്ക്കോട്ടെ..രാത്രീ നിങ്ങൾ കൊച്ചിനെ നോക്കിത്തന്നാ മതി.

 

" പ്രസവിച്ച സ്ത്രീകളെ ഭർത്താവ് കാണാൻ പാടില്ല "
- ഞാൻ കണ്ണ് പൊത്തിക്കോളാം അമ്മേ.

 

3. കുഞ്ഞ്

" ശോ...അച്ഛനെ വാർത്ത് വച്ചപോലുണ്ട്, നിൻ്റെ ഒന്നും കിട്ടിയിട്ടില്ല "
- എന്നാപ്പിന്നെ അവിടിരുന്ന് വാർത്തൂടായിരുന്നോ? പത്ത് മാസം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നല്ലോ.

 

" ആങ്കുട്ട്യാ അല്ലേ?...കോളടിച്ചല്ലോ..ഡബിൾ ചിലവ് വേണം "
- അതെന്താടാ? പെണ്ണായാൽ ലഡു നിനക്ക് ഇറങ്ങില്ലേ?

 

" ഞാൻ ഓർത്തത് ആൺകുഞ്ഞാരിക്കും എന്നാ "
- ആരെങ്കിലും നിർബന്ധിച്ചാരുന്നോ ഓർക്കാൻ?

 

" പെങ്കൊച്ചാ അല്ലേ? കുടുംബം നിലനിൽക്കണേൽ ആങ്കുട്ടി ഉണ്ടാവണം "
- ഈ ടൈപ്പ് ചിന്തയുള്ള കുടുംബം നിലനിൽക്കാത്തതാ നല്ലത്.

 

" പെങ്കൊച്ചാ അല്ലേ...നഷ്ടാല്ലോ "
- വിൽക്കുന്നില്ല അമ്മാവാ.. കുഞ്ഞിനെ വളർത്തി പഠിപ്പിച്ച് നല്ല നിലയിലാക്കാം എന്നാ തീരുമാനം.

 

" കുഞ്ഞിനെ അരയ്ക്ക് താഴോട്ട് മണ്ണിനകത്തിരുത്തണം. നടു ഉറയ്ക്കാനാ "
- ന്നാ കുറച്ച് സിമൻ്റൂടെ ഇട്ടുകൊട്, ശരിക്ക് ഉറയ്ക്കട്ടെ.

 

" കൊച്ചിനെങ്ങനാ, നിറമൊക്കെ ഉണ്ടോ? "
- ഇല്ല ബ്ലാക്ക് ആൻഡ് വൈറ്റാ.

 

" കൊച്ചിനെ കുളിപ്പിക്കുമ്പൊ വേണം തല ഉരുട്ടിയെടുക്കാൻ..മൂക്കൊക്കെ വലിച്ചുഴിഞ്ഞാലേ നീളൂ. ശരിക്കൊന്ന് തിരുമ്മി കുളിപ്പിക്കണം...ഒര മരുന്നൊന്നും കൊടുത്തില്ലേ? "
- അല്ല എന്താ ഉദ്ദേശ്യം? കുഞ്ഞിനെ വളർത്താൻ തന്നെ അല്ലേ?

 

" ഒരു കൊച്ചൊക്കെയായില്ലേ? ഇനി ജോലിക്കൊക്കെ പോണോ? "
- മക്കളെയൊക്കെ കെട്ടിച്ചുവിട്ടതല്ലേ? ഇനി തിന്നാനൊന്നും വേണ്ടാരിക്കൂല്ലോ?

 

" ഡോക്ടർ അങ്ങനെ പലതും പറയും...മൈൻഡ് ചെയ്യണ്ട"
- വഴിയേ പോവുന്നവർ ഇങ്ങനെ പലതും പറയും, മൈൻഡ് ചെയ്യണ്ടെന്ന് ഡോക്ടറും പറഞ്ഞാരുന്നു.

 

" മൂന്ന് മാസായി, ഇനി കൊച്ചിന് കട്ടിക്കെന്നേലും തിന്നാൻ കൊടുക്കാം "
- അമ്മിക്കല്ലായാലോ?

 

. " ഇതൊക്കെ പ്രസവരക്ഷേടെ ഭാഗാ പെണ്ണേ "
- ഓ, ഞാൻ കരുതി എനിക്കുള്ള ശിക്ഷയാന്ന്.

 

" പ്രസവം നിർത്തിയോ മോളേ? "
- തുടരുമ്പൊ അറിയിക്കാം അമ്മച്ചീ..

 

വാൽക്കഷണം രണ്ടെണ്ണം :

" വിശേഷം ഒന്നും ആയില്ലേ? "
- ആവുമ്പൊ അറിയിക്കാം അമ്മാവാ

 

" അടുത്തത് എന്നാ? "
- ഇതൊരു കോമ്പറ്റീഷൻ ഐറ്റം അല്ല...

 



Nurunguvettam




Home    |   Blog    |   
Kandathum Kettathum | Ocat Online Advertising Report | Powered by Ocat Online Advertising & Content Marketing Service in India