#എവിടെപോയാലുംപിടിച്ചുപറി
ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.
#വയനാട്
വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവിടുത്തെ കഥ.. കഥാപത്രങ്ങൾ ഞാനും എന്റെ ലോറിയും പിന്നെ ബാവലി ഫോറെസ്റ്റ് ചെക്ക് പോസ്റ്റും..
കഥയിലേക്ക് വരാം.
ഇന്നലെ രാവിലെ മൈസൂർ ഭാഗത്തേക്ക് വടകരയിൽ നിന്നും ലോഡുമായി വരികയായിരുന്നു ഞാൻ. പുലർച്ചെ നാലു മണിക്ക് തുടങ്ങിയ യാത്രക്ക് വെളിച്ചം വീണപ്പോളെക്കും കാട്ടിക്കുളം കഴിഞ്ഞു താൽക്കാലികം തിരശീല വീണു. കാരണം കേരള കർണാടക ബോർഡർ പാസ്സ് ആവാനുള്ള ചരക്ക് വാഹനങ്ങളുടെ നീണ്ട നിര ഒരുപാട് ദൂരം ഉണ്ടായിരുന്നു. എന്തായാലും ചെക്‌പോസ്റ് പാസ്സ് ആവാൻ മണിക്കൂറുകൾ വേണം. ഉറങ്ങണം എന്നുണ്ട്. എന്നാൽ ഓരോ വണ്ടികൾ മുന്പോട്ട് നീങ്ങുമ്പോളും എന്റെ വണ്ടിയും മുന്പോട്ട് കയറ്റി വെക്കണം. അതിനാൽ ഉറക്കത്തെ താൽക്കാലത്തേക്ക് തളച്ചു.
കോവിഡ് ആയതിനാൽ വീട്ടിൽ പോകാനാവില്ല. ദിവസങ്ങളായി വീട്ടിൽ പോകാതെ ലോറിയിൽ തന്നെയുള്ള ജീവിതം തുടരുന്നു. സമാധാനമായുള്ള ഉറക്കമോ ശുചിയായുള്ള കുളിയോ.. വായിക്കു രുചിയുള്ള യാതൊരു ഭക്ഷണമോ ഒന്നുമില്ലാതെയുള്ള ജീവിതമായതിനാൽ ക്ഷീണം അത്രയധികമുണ്ട്. മിക്ക ദിവസങ്ങളിലും ഉറക്കം മൂന്നും നാലും മണിക്കൂറുകൾ മാത്രം. പരാതികൾ ഇല്ലാതെ എല്ലാം മനസ്സിൽ ഒതുക്കി സ്റ്റിയറിങ്ങിൽ തല ചായ്ച്ചു വണ്ടിയിൽ ഇരുന്നു.
ഒരുപാട് സമയങ്ങൾക്ക് ശേഷം എന്റെ വണ്ടി കുറേശെ കുറേശെ മുന്പോട്ട് നീങ്ങി. ബാവലി ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് എത്തിയപ്പോൾ എന്റെ ലോറിയുടെ ഇടത് ഭാഗം ചെക്‌പോസ്റ് ഗേറ്റിന്റെ താഴ്ന്നു കിടന്നിരുന്ന കയറിൽ സാരമായി തട്ടി. അപ്പോൾ കയർ മുന്പോട്ട് വലിയുകയും ഇടത്ത് വശത്ത് വെൽഡ് ചെയ്ത് കൂട്ടി വെച്ച ശോഷിച്ച ചെക്ക് പോസ്റ്റ് ഇരുമ്പ് തൂൺ പൊട്ടി പോവുകയുണ്ടായി. സംഭവിക്കാൻ പാടില്ലായിരുന്നത് സംഭവിച്ചു. ഞാൻ മനഃപൂർവം ചെയ്തതല്ല. ഒരു ഡ്രൈവറും മനഃപൂർവം ഒന്നിലും വണ്ടി തട്ടാൻ ഇടകൊടുക്കാറില്ല. എന്റെ തെറ്റാണെന്ന് ഞാൻ സമ്മതിച്ചു. വേണ്ടുന്നത് ചെയ്യാനും തയ്യാറായി.
ആകെ പത്ത് അടി പോലും ഉയരമില്ലാത്ത വെൽഡ് ചെയ്ത് കൂട്ടി വെച്ച തൂണിനു പകരം നീളം കൂടിയ വലിയത് എത്തിച്ചു താരമെന്ന് ഞാൻ പറഞ്ഞു. പക്ഷെ അവിടുള്ളയാർക്കും അതൊന്നും പിടിച്ചില്ല.. ഇത്തിരി പോന്ന കുറച്ചു പണിക്ക് അവർ ആവശ്യപ്പെട്ടത് നാലായിരത്തി അഞ്ഞൂറ് രൂപയാണ്.
കോവിഡ് സമയത്ത് ഞാൻ പട്ടിണി കിടന്ന് ഉറക്കമില്ലാതെ ദിവസങ്ങൾ കാത്തു കിടന്നു ലോഡ് കയറ്റി ഉണ്ടാക്കിയ എന്റെ ചോരയുടെ ഒരു വലിയ ഭാഗമാണ് ഞാൻ അവിടെ കൊടുത്ത നാലായിരത്തി അഞ്ഞൂറ് ഉറുപ്പിക. അവിടുള്ള ഓഫീസർക്ക് ഒപ്പമെത്തിയ ഒരു വെൽഡിങ് തൊഴിലാളിയാണ് ഇത്രയും വലിയ തുക നിസ്സാര ചെറിയ വെൽഡിങ് പണിക്ക് ആവശ്യപ്പെട്ടത്.
കോവിഡ് കാരണം പണിയില്ലാതെ ഇരിക്കുന്ന ഈ സമയത്ത് ഇത്രയും വലിയ തുക ഒറ്റയടിക്ക് നഷ്ടപ്പെട്ടപ്പോൾ ഇപ്പോളും മനസ് വല്ലാതെ പിടക്കുകയാണ്. എത്ര കഷ്ടപ്പെട്ടാണ് അത് ഉണ്ടാക്കിയതെന്ന് മാസം മാസം ശമ്പളം മേടിച്ചു സുഖിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞാൽ മനസിലാവില്ല.
അവരോട് ഞാൻ പൈസ കുറച്ചു കുറക്കാൻ കെഞ്ചിയപ്പോൾ സർക്കാർ ഓഫീസിലെ കാര്യങ്ങൾ അതിന്റെ വഴിക്ക് അപ്പോൾ തന്നെ ചെയ്യണം എന്നായിരുന്നു മറുപടി. കൂടാതെ രാവിലെ മുതൽ വൈകിട്ട് വരെയുള്ള എന്റെ കാത്തിരിപ്പും വെറുതെയായി. വണ്ടിപ്പണിക്കാർ എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയാണെന്ന് ഒരിക്കൽ കൂടി അനുഭവം എന്നെ പഠിപ്പിച്ചു.
അവിടെയുള്ളവർ എല്ലാം നിയമപരമായി തന്നെയാണല്ലോ കാര്യങ്ങൾ ചെയ്യുന്നത്. അതുകൊണ്ടാവുമല്ലോ ലോറിയുടെ സൗണ്ട് കേൾക്കുമ്പോൾ മാമൂൽ എന്നു പറഞ്ഞു ചാടി വീഴുന്നതും.. മേടിക്കുന്നതും.
വളരെയധികം വിഷമമുണ്ട് ഏമാൻമ്മാരെ... പാല് തന്ന ഞങ്ങളുടെ കൈക്കിട്ടു തന്നെ കൊത്തിയല്ലോ..??
പാതി ഉണ്ടും ഉറങ്ങിയും പ്രാദമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ ആവാതെ അത്രയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ് ഞാൻ തന്നത്. എന്റെ മാനസികാവസ്ഥ എങ്ങനെ പറഞ്ഞു മനസിലാക്കാൻ ആവും എന്നെനിക്ക് അറിയില്ല.
എങ്കിലും ഈ തൊഴിൽ ചെയ്യുന്നവർക്ക് മനസ്സിലാകും ഈ സമയത്ത് എങ്ങനെയാണ് ഓരോ ട്രിപ്പും പോയി വരുന്നതെന്ന്. നിങ്ങൾക്കും കൂടി വേണ്ട അരിയും പച്ചക്കറിയും പഴങ്ങളും അവശ്യസാധനകളും ഒക്കെയാണ് ഞങ്ങൾ കൊണ്ടു വരുന്നത്. മിക്ക ദിവസങ്ങളിലും ഒരു നേരം ഭക്ഷണം കഴിച്ചും ഉറക്കമില്ലാതെ രാത്രി മുഴുവൻ വണ്ടിയോടിച്ചും പകൽ ചെക്ക് പോസ്റ്റുകളിൽ മണിക്കൂറുകളോളം കാത്ത് നിന്നും, അന്യസംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ആട്ടും തുപ്പും എല്ലാം സഹിച്ചാണ് ഈ കോവിഡ് പശ്ചാത്തലത്തിൽ ഓരോ ഡ്രൈവർമാരും ട്രിപ്പുകൾ പോയി വരുന്നത്.
സാരമില്ല..
എന്റെ വിഷമങ്ങളിൽ നിന്നും ഞാനെന്റെ മനസിനെ മെരുക്കിയെടുക്കാൻ ശ്രമിക്കുന്നു. പണം വരും പോകും, ചക്രമല്ലേ...നിലനിൽപ്പില്ലാത്ത സാദനം.
സർക്കാറിന്റെയും ഫോറെസ്റ്റിന്റെയും ഖജനാവിൽ ഒരു നിസ്സാര വെൽഡിങ്ങിനുള്ള പണമില്ലകിൽ അതെന്റെ ദാനമായി അവിടെ ചെക്‌പോസ്റ്റിൽ ഇരിക്കട്ടെ.
ഒരു ഉറക്കം കൊണ്ടൊന്നും നേരം വെളുക്കില്ലലോ. മുകളിലുള്ള ഉടയോൻ എല്ലാം കാണുന്നുണ്ട്.
ഇത് വായിക്കുനോൾ എന്റെ ചോരയുടെ അംശം കൈപ്പറ്റിയവർക്ക് പൊള്ളും. സ്വാഭാവികം... മനസാക്ഷി മരവിച്ചില്ലകിൽ ഇത് വഴി നിങ്ങൾക്കൊരു മാറ്റമുണ്ടാവട്ടെ.
Melbin Manuel