കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയായിരുന്നതിനാൽ മനുഷ്യനെ മൊത്തത്തിൽ പിടിച്ചു തിന്നാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു ഭീകരനാണ് കോർപ്പറേറ്റ് എന്ന് ഇത് എഴുതുന്നയാൾക്ക് തോന്നിയിട്ടുമില്ല. നാട്ടിൽ വല്ല പാരലൽ കോളേജിൽ പഠിപ്പിച്ചോ, ഓട്ടോ റിക്ഷ ഓടിച്ചോ ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്ന കേവലമൊരു സാദാ ബിരുദദാരിയായ എനിക്ക് കോർപ്പറേറ്റ് ചങ്ങാത്തത്തിലൂടെ അന്തസ്സുള്ള ഒരു ജീവിതമുണ്ടായി എന്നല്ലാതെ, എന്റെ ചോരയൊന്നും അവർ ഊറ്റിക്കുടിച്ചിട്ടില്ല. എന്ന് മാത്രമല്ല, എന്റെ ഒരു വിദ്യാഭ്യാസയോഗ്യതയ്ക്ക് കിട്ടാവുന്നതിന്റെ എത്രയോ മടങ്ങ് ശമ്പളവും സൗകര്യവും അവർ എനിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
പറഞ്ഞു വരുന്നത് എന്നെക്കുറിച്ചുള്ള ഒരു പൊങ്ങച്ചക്കഥയല്ല. കിഴക്കമ്പലം പഞ്ചായത്തത്തിലെ 2020 യുടെ ഇലക്ഷൻ വിജയത്തെക്കുറിച്ചാണ്. ആ ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ല, കിഴക്കമ്പലത്തെ ജനങ്ങൾ അനുഭവിക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഒരുപാട് വീഡിയോകൾ നിങ്ങളും കണ്ടിട്ടുണ്ടാകും. പത്തു രൂപയ്ക്കു ഒരു കിലോ പഞ്ചസാരയും, 44 രൂപയ്ക്ക് ഒരുകിലോ വെളിച്ചെണ്ണയും ഇക്കാലത്ത് വാങ്ങാൻ ഭാഗ്യം ചെയ്ത ആ ജനങ്ങളെ വിഡിയോകളിലും മറ്റും നമ്മൾ കാണുകയുണ്ടായി.
ഇന്നലെ വൈകുന്നേരം ഏഷ്യാനെറ്റ് വാർത്തയിലെ ചർച്ചയിൽ കിഴക്കമ്പലം മോഡലിന്റെ ഉപജ്ഞാതാവായ സാബു ജേക്കബുമുണ്ടായിരുന്നു. മുപ്പത്തിയഞ്ചു ലക്ഷം കടബാധ്യതയുണ്ടായിരുന്ന ഒരു പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുള്ള ഒരു പഞ്ചായത്താക്കി മാറ്റിയതിന്റെ പുറകിലെ രഹസ്യങ്ങൾ അദ്ദേഹം ആ ചർച്ചയിൽ വിവരിക്കുകയുണ്ടായി. അതിൽ പ്രധാനമായി അദ്ദേഹം പറഞ്ഞത്, ഭരണതലത്തിലെ അഴിമതി ഒഴിവാക്കി, പല കാര്യങ്ങൾക്കും ഇടനിലക്കാരെ ഒഴിവാക്കി,അതിൽ നിന്ന് തന്നെ വലിയൊരു തുക മിച്ചം വയ്ക്കാനായി എന്നാണ്. നൂറു രൂപ ചെലവ് കാണിക്കുന്ന പലതിനും വെറും നാൽപ്പതു രൂപ മാത്രമേ ആവശ്യമുള്ളൂ, ബാക്കിയുള്ള അറുപത്, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കട്ടെടുക്കുന്നു എന്നത് സാബുച്ചായൻ പറയാതെ തന്നെ കേരളത്തിലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.അൻപത്തിയേഴു കോടി ചിലവാക്കി പണിത പാലാരിവട്ടം പാലം ഇ ശ്രീധരൻ സാർ പൊളിച്ചു പണിയുമ്പോൾ ചിലവ് വെറും 17 കോടി എന്ന വൈചിത്ര്യം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ?
ഒരു മന്ത്രിയും ഒരു രാഷ്ട്രീയക്കാരനും, ഒരു അക്കാദമിഷ്യനും, പിന്നെ 2020 പഞ്ചായത്തിലെ സാബുച്ചായനുമായിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നത്. അവിടെ കണ്ട ഒരു തമാശ എന്തെന്നാൽ, പഞ്ചായത്തിൽ ചിലവു ചെയ്യുന്ന പണമൊക്കെ സാബുച്ചായൻ എന്ന കോർപ്പറേറ്റ് ഭീമൻ തന്റെ പോക്കറ്റിൽ നിന്ന് എടുത്തു ചിലവാക്കുന്നു, (സി എസ് ആർ ഫണ്ടിനെക്കുറിച്ചാണ് പരാമർശം, അതായത് വർഷത്തിൽ 500 കോടി രൂപയിൽ കൂടുതൽ ആദായമുണ്ടാക്കുന്ന കമ്പനികൾ അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം പൊതുനന്മക്കായി ഉപയോഗിക്കണം എന്നൊരു നിയമമുണ്ട്, അതിനെക്കുറിച്ചാണ് മന്ത്രിയുടെ സൂചന, പക്ഷെ പതിമൂന്നരക്കോടി മിച്ചം ഉണ്ടാക്കിയ ഒരു പഞ്ചായത്തിൽ, ഒരു കോർപ്പറേറ്റ് അങ്ങനെ കയ്യിൽ നിന്ന് കാശിറക്കേണ്ട കാര്യമെന്ത് എന്നൊരു ചോദ്യം അവശേഷിക്കുന്നു. ) കോർപ്പറേറ്റുകളുടെ ഈ രീതി കേരളം എന്ന സംസ്ഥാനത്ത് വിശാലാടിസ്ഥാനത്തിൽ വിജയിക്കില്ല, എന്നൊക്കെ സ്ഥാപിക്കാനുള്ള ഒരുതരം രാഷ്ട്രീയ അസഹിഷ്ണുതയായിരുന്നു പിന്നെ കണ്ടത്. കിറ്റെക്‌സും, അന്നാ അലുമിനിയവും നടത്തി ഉണ്ടാക്കുന്ന ലാഭമൊക്കെ നാട്ടിൽ റോഡുപണിഞ്ഞും, തൊടുവെട്ടിയും ജനങ്ങൾക്ക് വേണ്ടി ചിലവാക്കാനും മാത്രം വട്ടുള്ള ഒരാളല്ല സാബുച്ചായൻ എന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. കാരണം അങ്ങനെ തലയ്ക്ക് ഓളമുള്ള ഒരാൾക്ക് ഇത്രയും വിജയിയായ ഒരു ബിസിനസ്സുകാരനാകാൻ സാധിക്കുകയില്ല.
എന്നാൽ രാഷ്ട്രീയക്കാർക്കില്ലാത്ത, പല മന്ത്രിമാർക്കും ഇല്ലാത്ത ഒരു കഴിവ് സാബുച്ചായന് ഉണ്ട് എന്നത് പകൽ പോലെ വ്യക്തം. അതാണ് മാനേജ്‌മെന്റ് മികവ്. ആ മാനേജ്മെന്റ് മികവ് ഉള്ളതുകൊണ്ടാണ് അദ്ദേഹം വലിയ കോർപ്പറേറ്റ് വ്യവസായിയായി വിജയിച്ചു നിൽക്കുന്നത്. ഞാനും, നിങ്ങളുമൊക്കെ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരായി തുടരുന്നതും ആ കഴിവില്ലായ്മ കൊണ്ടാണ്. അദ്ദേഹത്തിൻറെ ബിസിനസ്സ് മാനേജ്‌മെന്റ് സ്‌കിൽസ്, അദ്ദേഹം ഒരു പഞ്ചായത്തിൻറെ അഡ്മിനിസ്ട്രേഷനിൽ ഭംഗിയായി ഉപയോഗിച്ചു. അത് വിജയം കണ്ടു. ജനങ്ങൾ സംതൃപ്തരായതുകൊണ്ട്, കിഴക്കമ്പലം പഞ്ചായത്ത് നിലനിർത്തി, അടുത്തുള്ള മൂന്നു പഞ്ചായത്ത് പിടിച്ചെടുക്കുകയും ചെയ്തു. പ്രത്യേകിച്ച് ഒരു ചിഹ്നവും, തത്വ സംഹിതയും, പ്രവർത്തകരൊന്നുമില്ലത്ത 2020 യെ മൂന്നു അയൽപഞ്ചായത്തുകൾ കൈ നീട്ടി സ്വീകരിച്ചു എങ്കിൽ, അഥവാ, നമ്മുടെ നാട്ടിലെ മാഫിയാ സ്വഭാവമുള്ള രാഷ്ട്രീയപ്രാട്ടികളെ എല്ലാവരെയും തോൽപ്പിച്ച്, ആ പഞ്ചായത്തുകളിൽ 2020 വിജയം കണ്ടുവെങ്കിൽ, അദ്ദേഹം കിഴക്കമ്പലത്ത് നടത്തിയ മാജിക്ക് എത്ര വലുതായിരിക്കും എന്ന് വെറുതെ ഒന്നാലോചിച്ചാൽ മതി.
എനിക്ക് അദ്ദേഹം പറഞ്ഞതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിൽ ഒരാവശ്യവുമായി ഒരാൾ വന്നാൽ, അപ്പോൾ തന്നെ വന്ന കാര്യം നടത്തിയിട്ടേ അയാൾ മടങ്ങുകയുള്ളൂ എന്ന പോളിസിയാണ്. ഇനി അഥവാ, വന്ന ദിവസം അത് നടന്നില്ലെങ്കിൽ പിറ്റേന്നോ, അതിനടുത്ത ദിവസമോ, ആ വ്യക്തിയുടെ വാർഡ് മെമ്പർ, സർട്ടിഫിക്കറ്റോ, മറ്റു ആനുകൂല്യങ്ങളോ, എന്താണ് അയാളുടെ ആവശ്യമെങ്കിൽ അത് ആ വ്യക്തിയുടെ വീട്ടിൽ എത്തിക്കണം. അതായത് ഒരാവശ്യത്തിന് ഒരു വ്യക്തിക്ക് രണ്ടാമത് ആ പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങേണ്ട ഗതികേടില്ല. എത്ര മനോഹരമായ ജനാധിപത്യ സങ്കല്പം. വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയക്കാർക്ക് സാധിക്കാത്തത്, ഒരു കോർപ്പറേറ്റ് മുതലാളി മേൽനോട്ടം വഹിക്കുന്ന പഞ്ചായത്തിൽ നടപ്പിൽ വരുന്നു. ഒരു ചെറിയ കാര്യത്തിനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി ചെരുപ്പ് തേയുന്ന സദാ മലയാളി, കിഴക്കമ്പലം കേരളത്തിലാണെന്നത് ഓർക്കണം.
മറ്റൊരു കാര്യം, സ്വന്തമായി ഫയർ ഫോഴ്‌സ് ഉള്ള ഒരേ ഒരു പഞ്ചായത്താണ് കിഴക്കമ്പലം, കൂടാതെ കൃഷിക്കുള്ള ഉപകരണങ്ങൾ, ട്രാക്ടർ തുടങ്ങിയവ കർഷകനു ഫ്രീയായി ഉപയോഗിക്കാം, സാബു ജേക്കബ് പറയുന്നത് 2020 അധികാരത്തിൽ എത്തുമ്പോൾ പതിമൂന്നു ട്രാക്ടറുകൾ ഉപയോഗശൂന്യമായി കട്ടപ്പുറത്ത് ഇരുന്നിരുന്നു എന്നാണ്, എല്ലാം മെയിന്റൈൻ ചെയ്യ്ത് ആളുകൾക്ക് വിധത്തിൽ ഉഅപകരപ്രദമാക്കിയെങ്കിൽ, അത് അഞ്ചുകൊല്ലമായി തുടരുന്നുവെങ്കിൽ അത് മാനേജ്‌മെന്റ് വൈദഗ്ദ്യം അല്ലാതെ മറ്റെന്താണ് അതിനു പുറകിൽ? കോടാനുകോടി വിലയുള്ള സ്കാനിങ് മെഷിൻ മുതൽ വോൾവോ ബസ്സുകൾ വരെ ഇതുപോലെ മെയിന്റൈൻ ചെയ്യാതെ നശിച്ചു പോകുന്ന എത്രയോ വാർത്തകൾ നാം കേൾക്കുന്നു.
കിഴക്കമ്പലത്തെ പാടശേഖരങ്ങളിൽ ഇപ്പോൾ, ലാഭകരമായി നെല്ല് വിളയുന്നു. അധികം വൈകാതെ കേരളത്തിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പഞ്ചായത്തായി കിഴക്കമ്പലം മാറും എന്ന വസ്തുതയും സാബു ജേക്കബ് പങ്കുവച്ചിരുന്നു. കേരളത്തിലെ മറ്റു പഞ്ചായത്ത് അംഗങ്ങൾ 7500 രൂപ ശമ്പളം വാങ്ങുമ്പോൾ മാസം 25000 രൂപ പെറ്റി കാഷ് പോലെ കിഴക്കമ്പലത്തെ വാർഡ് മെമ്പര്മാര്ക്ക് ലഭിക്കുന്നു. ആശുപത്രിയിൽ പോകാനോ മറ്റോ പണമില്ലാതെ ആരെങ്കിലും സമീപിച്ചാൽ ഈ പണത്തിൽ നിന്ന് അവർക്ക് ആവശ്യമുള്ളത് കൊടുക്കേണ്ടത് വാർഡ് മെമ്പറുടെ കടമയാണ്. ഇതിലും നന്നായി ജനാധിപത്യത്തെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുക?
ഇനി പറയാൻ പോകുന്നത് രാഷ്ട്രീയക്കാരന്റെ അസഹിഷ്ണുതയുടെയും അസൂയയുടെയും മൂർദ്ധന്യാവസ്ഥയാണ്, പതിനാലു കൊല്ലമായി വയനാട്ടിൽ ജോലിയെടുക്കുന്ന ദമ്പതികൾ കിഴക്കമ്പലത്ത് വോട്ടുചെയ്യാൻ വന്നപ്പോൾ, അവരെ പാർട്ടിഭേദമന്യേ രാഷ്ട്രീയക്കാർ ശാരീരികമായി കൈകാര്യം ചെയ്യുന്ന വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? ആ ദമ്പതികളുടെ വോട്ടവകാശത്തെക്കുറിച്ച് സംസാരിക്കേണ്ടത് ഇലക്ഷൻ കമ്മീഷനല്ലേ? അമേഠിയിൽ നിന്നൊരാൾക്ക് വയനാട്ടിൽ മത്സരിക്കാമെങ്കിൽ വയനാട്ടിൽ ഉള്ള ഒരാൾക്ക് കിഴക്കമ്പലത്തുള്ള അയാളുടെ വോട്ടവകാശം വിനിയോഗിക്കാൻ എന്താണ് തടസ്സം? ശാരീരിക താഡനങ്ങൾ ഏറ്റിട്ടും വോട്ടു ചെയ്ത അവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി സാബു ജേക്കബ് നൽകിയത് രാഷ്ട്രീയ മാഫിയയുടെ മുഖത്തേറ്റ അടിയാണ്.
അവസാനമായി, ജനാധിപത്യം കയ്യാളേണ്ടത് രാഷ്ട്രീയപ്പാർട്ടികൾ മാത്രമാണെന്ന് ഒരു തെറ്റിദ്ധാരണാജനകമായ പ്രസ്താവന രാഷ്ട്രീയപ്പാർട്ടികൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. അത് ആ ചർച്ചയിലും കണ്ടു. അതിനു കാരണം ഇതുപോലെ കഴിവുള്ള ആളുകൾ രംഗത്തു വന്നാൽ, രാഷ്ട്രീയം കൊണ്ട് ഉപജീവനം കഴിക്കുന്ന ഇവന്മാരുടെ കൊഴുത്തു മുഴുത്ത ജീവിതം അവസാനിക്കും എന്ന് അവർക്കറിയാം. ജനാധിപത്യത്തിൽ എന്ത് വേണം എന്ന ഗൈഡ് ലൈനുകൾ ഭരണഘടനയിൽ ഉണ്ട്, അത് പാലിക്കുകയും, ജനങ്ങൾക്ക് കൃത്യമായി സേവനങ്ങൾ എത്തിക്കുകയും ചെയ്യുന്ന ആർക്കും പങ്കാളികളാകാം. കോർപ്പറേറ്റ് സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആൾ വൃത്തികെട്ടവനും, പാർട്ടിയുടെ ശാസനങ്ങൾ കേട്ട് അതിനനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന രാഷ്ട്രീയക്കാരൻ വിരേചിക്കുന്നതു മാത്രം സുഗന്ധ ദ്രവ്യവും എന്നമട്ടിൽ പൊലിപ്പിച്ചു കാണിക്കുന്നതൊക്കെ, രാഷ്ട്രീയക്കാരന്റെ വയറ്റിപ്പിഴപ്പിനുള്ള അഭ്യാസം മാത്രം.
സ്വീഡൻ, നോർവേ, തുടങ്ങിയ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച്, ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള നാട് എന്ന് അസൂയപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവർ കിഴക്കമ്പലത്തുകൂടി ഒന്ന് പോകണം, ഏറ്റവും സന്തുഷ്ടരല്ലെങ്കിലും 2020 അവർക്ക് സന്തുഷ്ടി നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. മന്ത്രിമാരും രാഷ്ട്രീയക്കാരും, അവരുടെ കഴിവില്ലായ്മ സ്വയം മനസ്സിലാക്കി സാബു ജേക്കബിനെപ്പോലുള്ള മഹത്തുക്കളെയാണ് ഉപദേശികളും, കണ്സള്ട്ടന്റുമാരുമൊക്കെയായി അവരോധിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ഒരു വിദേശ സന്ദർശനം ഒഴിവാക്കി, കിഴക്കമ്പലത്തു പോയി അവർ എന്താണ് അവിടെ നടത്തുന്നത് എന്ന് നോക്കി പഠിക്കുകയെങ്കിലും ചെയ്യട്ടെ.
(2020 കിഴക്കമ്പലത്തെ നിർദ്ധനർക്ക് പണിതുകൊടുത്ത ഒരു കോളനിയാണ് താഴെ. ഒരു ചിത്രം ചിലപ്പോൾ ആയിരം വാക്കുകളേക്കാൾ ശക്തമാണ്)
By
Rajeev Menon