ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.
അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും.
ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായിൽ സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുന്നു.
ചെറുപ്പക്കാരെ ഭരണമേല്പിച്ചാൽ ഇത്തരം ധീരമായ തീരുമാനങ്ങൾ അവർ നടപ്പിലാക്കും.
അച്ഛൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അഴിമതി അനധികൃത സ്വത്ത് സമ്പാദനം എന്നിവയിലൂടെ ചെയ്തുകൂട്ടിയ കൊടിയപാപങ്ങൾക്ക് 2019 ഒക്ടോബറിൽ ഇറക്കിയ ഓർഡറിലൂടെ ജഗമോഹൻ പ്രായശ്ചിത്തം ചെയ്തിരിക്കുന്നു.
കേരളത്തിലെന്ന പോലെ ആന്ധ്രയിലും മാതൃഭാഷാ സംരക്ഷണം സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ള ദളിതരുടേയും ദരിദ്രരുടേയും സാമൂഹിക ഉത്തരവാദിത്വമാണ്.
കാശുള്ളവർ CBSE ICSE മെജസ്റ്റിക് സ്ക്കൂളുകളിൽ മക്കളെ ചേർത്ത് അവരുടെ ഭാവി ശോഭനമാക്കിയതിന് ശേഷം മാതൃഭാഷയെ മരണവക്ത്രത്തിൽ നിന്ന് രക്ഷിക്കാനായി സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരം കിടക്കുന്ന തരം ഊടായിപ്പുകൾ ആന്ധ്രയിലുമുണ്ട്.
കാപട്യത്തിന്റെ കവിതകൾ ഉറക്കെ ചൊല്ലി കാലത്തിന്റെ പിന്നിലേക്ക് ഉരുണ്ടുനീങ്ങുന്ന തെലുങ്ക് അധോഗമനവാദികൾ പാവപ്പെട്ടവരുടെ മക്കൾക്ക് ആംഗലേയം ഉറപ്പുവരുത്തുന്ന ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.
സ്വന്തം മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ മാതാപിതാക്കളേക്കാൾ ഉത്കണ്ഠയും ആശങ്കയുമുള്ള ഫ്രോഡ് ഭാഷാ സ്നേഹികളുടെ ഹർജി അംഗീകരിച്ച് ആന്ധ്രാ ഹൈക്കോടതി ജഗന്മോഹൻ സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്തു.
ജഡ്ജിമാരുടെ മക്കൾ നാട്ടുമ്പുറത്തെ മാതൃഭാഷാ സ്ക്കൂളിൽ പഠിച്ച് നാനാതരം എൻട്രൻസ് പരീക്ഷകളിൽ തോറ്റ് വഴിയാധാരമാകുന്ന സാഹചര്യമില്ലാത്തതിനാൽ ദരിദ്രന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളെ തകർത്തെറിയുന്ന സ്റ്റേ ഓർഡർ നല്കി ഹൈക്കോടതി മാതൃഭാഷാ തീവ്രവാദികൾക്ക് കുടപിടിച്ചു നല്കി.
കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
നഗര-ഗ്രാമ സമ്പന്ന-ദരിദ്ര വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുവാൻ സർക്കാർ സ്ക്കൂളുകളിൽ അധ്യയന മാധ്യമം ഇംഗ്ലീഷ് ആകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആന്ധ്രാ ഗവൺമെന്റ് കോടതിയിൽ അതിശക്തമായി വാദിക്കുന്നു.
ഉയർന്ന ഫീസ് ഈടാക്കുന്ന സ്വകാര്യ ഇംഗ്ലീഷ് വിദ്യാലയങ്ങൾ സാധാരണക്കാരന് അപ്രാപ്യമായതിനാൽ തുല്യനീതി ഉറപ്പുവരുത്തുന്നതിനുള്ള path breaking തീരുമാനത്തെ ഉന്നത നീതിപീഠം പിന്തുണയ്ക്കണമെന്നും ആന്ധ്രാ സർക്കാർ അഭിഭാഷകർ അഭ്യർത്ഥിക്കുന്നു.
സുപ്രീംകോടതിയുടെ കമ്മ്യൂണിക്കേഷൻ മാധ്യമവും ഇംഗ്ലീഷ് തന്നെയല്ലേയെന്ന കൗതുകകരമായ ചോദ്യവും ആന്ധ്രാ സർക്കാർ ഉന്നയിച്ചിട്ടുണ്ട്.
കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സാധാരണമനുഷ്യർ അവരുടെ മക്കൾക്ക് ഇംഗ്ലീഷ് മീഡിയം വഴി വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്നു. ഗതികേട് കൊണ്ടാണ് അവർ കുട്ടികളെ ഭാഷാ പള്ളിക്കൂടങ്ങളിൽ അയ്ക്കുന്നത്.
പഠിക്കാൻ പിള്ളാരില്ലാത്ത പള്ളിക്കൂടങ്ങൾക്ക് ബഹുനില കെട്ടിടങ്ങൾ പണിഞ്ഞത് കൊണ്ട് ദളിതർക്കും ദരിദ്രർക്കും ഒരു ഗുണമോ പുരോഗമനവും ഉണ്ടാകാൻ പോകുന്നില്ല.
സാമ്പത്തിക- സാമൂഹിക ശാക്തീകരണത്തിലേക്കുള്ള ഏറ്റവും ശക്തമായ ടൂളാണ് ആംഗലേയ പരിജ്ഞാനം.
കാല്പനിക സൂക്കേടില്ലാതെ കാലത്തിന്റെ ഉൾവിളികൾ തിരിച്ചറിഞ്ഞ് ആധുനികതയിലേക്കുള്ള അരങ്ങൊരുക്കുന്ന ജഗമോഹയുവത്വം പരാജയപ്പെടാൻ പാടില്ല.
തുല്ല്യനീതിയിലേക്കുള്ള ഒരേയൊരു ചവിട്ടുപടി തുല്യവിദ്യാഭ്യാസ അവസരമാണെന്ന് തിരിച്ചറിയുന്ന ഭരണകൂടങ്ങളാണ് ഭാവിയുടെ വഴിവിളക്കുകൾ.
© Sajeev Ala