പറമ്പിന്റെ, ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു കോണിൽ നിറയെ മുള്ളുകൾ ഉള്ള ഒരു മുരിക്ക് മരം നിന്നിരുന്നു. ഒരു നാൾ ഞാൻ ആ മുരിക്കിൽ ഒരു കുരുമുളക് വള്ളി നട്ടു. ഒരു കൂട്ടുകാരനെ കിട്ടിയതിൽ മുരിക്ക് ഒട്ടേറെ സന്തോഷിച്ചു..പക്ഷേ കുരുമുളക് വള്ളിക്ക് അത്ര സന്തോഷം ഒന്നും തോന്നിയില്ല. അടുത്തു തന്നെ ധാരാളം നല്ല മരങ്ങൾ ഉണ്ടായിട്ടും എന്തിനാന്ന് തന്നെ ഈ മുള്ളുമുരിക്കിൽ കൊണ്ടു വന്നിട്ടു എന്നതായിരുന്നു അവൻ ചിന്തിച്ചിരുന്നത്. മറ്റൊരു നിവർത്തിയും ഇല്ലാത്തതിനാൽ അവൻ മെല്ലെ മുള്ളുമുരിക്കിലേക്ക് പടർന്ന് കയറുവാൻ തുടങ്ങി. മുള്ള് മുരിക്ക് ആവട്ടെ തന്റെ പ്രിയപ്പെട്ട കൂടുകാരനെ സ്നേഹപൂർവ്വം തന്നിലേക്ക് ചേർത്ത് നിർത്തി.എന്നാൽ അതൊന്നും കുരുമുളക് വള്ളിക്ക് ഒട്ടും തന്നെ ഇഷ്ടമായില്ല. കാരണം, മുരിക്കിന്റെ കൂർത്ത മുള്ളുകൾ അവനെ ഇടക്കിടെ കുത്തി നോവിക്കുന്നുണ്ടായിരുന്നു...
ഒരു മഴക്കാലത്തിന് ശേഷം പറമ്പിലൂടെ നടക്കുകയായിരുന്നു ഞാൻ.
തൊട്ടടുത്തു നിന്നും ഇലകളിളകുന്ന ശബ്ദം കേട്ടു ഞാനങ്ങോട്ട് നോക്കി. അതാ ആ കുരുമുളക് വളളി മുള്ളുമുരിക്കിനോട് പറ്റിച്ചേർന്ന് മുകളിലേയ്ക്ക് വളർന്നിരിക്കുന്നു. മാത്രമല്ല അതിൽ നിറയെ കുരുമുളക് തിരികളും. അവനെ പൂർവ്വാധികം സന്തോഷവാനായി കണ്ടു. ഞാൻ കുരുമുളക് വള്ളിയോട് ചോദിച്ചു: എന്തേ ഇത്ര സന്തോഷം?
"എന്റെ സുഹൃത്തേ എന്നെ ഇവിടെ കൊണ്ടുവന്നു നട്ടപ്പോൾ കൂട്ടുകാരനായി കിട്ടിയത് ഒരു പ്രയോജനവുമില്ലാത്ത ഈ മുരിക്കിനെയാണല്ലോ എന്നു ഞാൻ ചിന്തിച്ചിരുന്നു. എനിക്കതിൽ നീരസവും ഉണ്ടായിരുന്നു.പലപ്പോഴും അവനെന്നെ ചേർത്തു നിർത്താൻ ശ്രമിച്ചപ്പോൾ മുള്ളു കൊണ്ടെനിക്ക് വേദനിച്ചു.അസഹ്യമായിത്തോന്നി. "
" എന്നാൽ അവന് ഞാൻ എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് ഇക്കഴിഞ്ഞ ഇടവപ്പാതി മഴക്കാലത്ത് ഞാൻ തിരിച്ചറിഞ്ഞു.
മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിച്ചു. ഞാൻ വീണുപോകുമോ എന്ന് വല്ലാതെ ഭയപ്പെട്ടു. എന്നാൽ ഞാൻ വീണില്ല. മുള്ളുണ്ടെങ്കിലും പരുക്കനാണെങ്കിലും ഈ മുരിക്ക് എന്നെ ചേർത്തു പിടിച്ചതെന്തിനായിരുന്നു എന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു.ഞാൻ പുറമേ നോക്കിക്കണ്ടതു പോലല്ല. ആദ്യം വേദന തോന്നിയെങ്കിലും എന്റെ ഉറ്റചങ്ങാതിയാണ് ഇവൻ.''
ഇതു കേട്ടുകൊണ്ടു നിന്ന മുരിക്ക് വിനീതനായി പറഞ്ഞു: "ഞാൻ ഒന്നുമല്ല....
ഈ കുരുമുളക് വള്ളി എന്നോടൊപ്പം ചേർന്നതു മുതൽ എനിക്കൊരു വിലയും നിലയും ആയി. ഇന്നേവരെ ആരും എനിയ്ക്ക് ഒരു വളവും നൽകിയിട്ടില്ല...
എന്റെ സമീപത്തേക്ക് ആരും വരാറുപോലും ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ ഇവന് ലഭിക്കുന്ന പരിചരണങ്ങൾ ഞാനും കൂടി അനുഭവിക്കുന്നു. ഇവൻ എന്നോടൊപ്പം ഇല്ലായിരുന്നു എങ്കിൽ ഞാൻ വെറും മുരിക്ക്, ഒരു പ്രയോജനവും ഇല്ലാത്തവൻ എന്നു പറഞ്ഞ് തള്ളപ്പെടുമായിരുന്നു.എന്തായാലും ഒരു കാര്യം ഉറപ്പായും പറയാം.ഞങ്ങൾ പരസ്പരം പ്രിയപ്പെട്ടവർ തന്നെ ആണ്.
അവരുടെ സൗഹൃദം ഒരു പക്ഷേ നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. ഉപദേശങ്ങൾ,വാക്കുകൾ ഒരു പക്ഷേ മുറിപ്പെടുത്തിയേക്കാം. എന്നാൽ ഒടുവിൽ നിങ്ങൾ തിരിച്ചറിയും ആ വാക്കുകൾ എന്തിനു വേണ്ടിയായിരുന്നു എന്ന്..
ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എപ്പോഴും നൽകപ്പെടുന്നതല്ല ,മറിച്ച് പരസ്പരം കണ്ടറിഞ്ഞ് കൈത്താങ്ങൽ ആകുന്നതാണ് യഥാർത്ഥ സൗഹൃദം.