എന്റെ റൂമിൽ ഉള്ള ഒരു പ്ലാസ്റ്റിക് കവറിൽ നിന്നും ഒരു ശബ്ദം. എന്താണാവോ? ഞാൻ പതിയെ കാതു കൂർപ്പിച്ചു.കുറച്ചു ദിവസങ്ങൾക്ക് മുൻപ് കഴിക്കാൻ വാങ്ങി വച്ച രണ്ട് ഓറഞ്ചുകൾ. അത് കഴിക്കാൻ മറന്നു പോയിരുന്നു. അതിൽ നിന്നും ഒരു ഓറഞ്ച് ഉച്ചത്തിൽ സംസാരിക്കുന്നു."നിന്നെ എന്തിനു കൊള്ളാം.എന്നെയും കൂടെ കേടാക്കുമല്ലോ. ഇറങ്ങിപ്പൊയ്ക്കൂടെ? "
ശല്യം സഹിക്കവയ്യാതെ ഞാൻ ചെന്ന് പ്ലാസ്റ്റിക് കവർ തുറന്നു നോക്കി. ഒരു ഓറഞ്ച് കേടായി തുടങ്ങിയിരിക്കുന്നു. നല്ല ഓറഞ്ച് കേടായതിനെ ശകാരിക്കുകയാണ്. രണ്ടെണ്ണവും ഞാൻ പുറത്തെടുത്തു നോക്കി. നല്ല ഓറഞ്ച് പറഞ്ഞത് സത്യമാണ്. മറ്റേ ഓറഞ്ച് കേടായി തുടങ്ങി. ഇതിനെ ഇനി ഒന്നിനും കൊള്ളില്ലല്ലോ എന്നു പിറുപിറുത്തു കൊണ്ട് ഞാൻ നല്ല ഓറഞ്ച് എടുത്ത് മേശപ്പുറത്തുവച്ചു. കേടായതിനെ പറമ്പിലേക്ക് വലിച്ചൊരേറും കൊടുത്തു.
ഞാൻ തിരിച്ചു വന്നപ്പോൾ കൂട്ടുകാരന് വന്ന അവസ്ഥയോർത്ത് നല്ല ഓറഞ്ച് പൊട്ടിച്ചിരിക്കുന്നു. ഇതിനെയും ഇനി വച്ചിരുന്നാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ ഞാൻ നല്ലതിനെയും ഉടൻ അകത്താക്കി.അതിന്റെ തൊലിയും കുരുവും എല്ലാം വേസ്റ്റ്ബാസ്കറ്റിൽ കൊണ്ടിട്ടു.മറ്റു വേസ്റ്റ് കടലാസുകൾക്കൊപ്പം അന്നു തന്നെ കത്തിച്ചുകളഞ്ഞു.
കുറേ ദിവസങ്ങൾ കടന്നുപോയി. പ്ലാവിൽ ചക്ക ഉണ്ടോ എന്ന് നോക്കാൻ ഞാൻ പറമ്പിലേക്കിറങ്ങി.വീട്ടിലെ വേസ്റ്റ് വെള്ളം പോകാൻ വെച്ചിരുന്ന പൈപ്പിനടുത്ത് ചെറിയ തൈകൾ നിൽക്കുന്നു. വീട്ടിനടുത്ത് നിന്നും അല്പം അകലെ ആയിരുന്നതിനാൽ അതൊട്ടു ശ്രദ്ധിച്ചിരുന്നുമില്ല.പതിയെ അവിടെ കിടന്ന ചപ്പുചവറുകൾ മാറ്റിനോക്കി. പത്തോളം ചെറിയ തൈകൾ ഉണ്ട്. ചെടിയുടെ ഒരെണ്ണത്തിന്റെ ഇല പറിച്ചെടുത്തു ഞാൻ മണത്തു നോക്കി. ഓറഞ്ച് മരത്തിന്റെ മണം.
പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നു. കുറേ ദിവസങ്ങൾക്കു മുൻപ് ഞാൻ വലിച്ചെറിഞ്ഞ ഓറഞ്ച്. അത് ചെന്ന് വീണതോ അഴുക്ക് ചാലിനടുത്തും. ജീർണിച്ച തുടങ്ങിയ അതിന്റെ തൊണ്ടുകൾ അവിടെ കിടപ്പുണ്ടായിരുന്നു.അവയ്ക്ക് എന്നോട് പറയാനുള്ളത് മുഴുവൻ ഞാൻ നിശബ്ദമായി അതിൽനിന്നും വായിച്ചെടുത്തു.
"അല്ലയോ ചങ്ങാതി ഓർമ്മയുണ്ടോ എന്നെ വലിച്ചെറിഞ്ഞത്?എത്രയോ ദിവസം എന്റെ കൂട്ടുകാരനിൽ നിന്നും ഞാൻ പഴി കേട്ടു, അപമാനിക്കപ്പെട്ടു.ഒടുവിൽ നിങ്ങളും എന്നെ വലിച്ചെറിഞ്ഞു. കണ്ണീരോടെയാണ് ഞാൻ ഇവിടെ വന്നു വീണത്.ചീഞ്ഞു തുടങ്ങിയ ഞാൻ വന്നു വീണതോ അഴുക്കുചാലിനടുത്തും. എന്തൊരു ദുരവസ്ഥ എന്നു ഞാൻ ചിന്തിച്ചു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.
പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നിലുള്ള വിത്തുകൾ പതിയെ മുളപൊട്ടാൻ തുടങ്ങി. അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായി തുടങ്ങിയത്.എല്ലാവരും എന്നെ ഒറ്റപ്പെടുത്തി വലിച്ചെറിഞ്ഞെങ്കിലും ഞാൻ വന്നു വീണത് യഥാർത്ഥ സ്ഥലത്താണ്."
"എന്നിൽ വിത്ത് വെച്ചവൻ അത് കിളിർക്കാനുള്ള ഇടവും ഒരുക്കിത്തന്നു. നിങ്ങളോട് എനിക്ക് നന്ദിയുണ്ട്."
എനിക്കൊരു കാര്യം മനസിലായി. പഴയ ചീഞ്ഞ ഓറഞ്ചല്ലിത്. അവയുടെ പുതിയ രൂപമായ കരുത്തുള്ള ഓറഞ്ച് തൈകൾ.പുതിയൊരവസ്ഥ! വരും ദിവസങ്ങളിൽ എത്രയോ മധുരനാരങ്ങകൾ തരാൻ കഴിവുള്ള തൈകൾ.ഉടൻ ഞാൻ അതിന്റെ ചുവടുകൾ വൃത്തിയാക്കി തടമെടുത്ത് അതിനെ സംരക്ഷിച്ചു .
പ്രിയസുഹൃത്തേ....പലപ്പോഴും കുടുംബത്തിൽ നിന്നും,കൂട്ടുകാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും,സമൂഹത്തിൽ നിന്നും ഇത്തരത്തിലുള്ള പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലേ? ഒരുപക്ഷേ കൂട്ടത്തിൽ നിർത്താൻ കൊള്ളാത്തവൻ എന്നുകേട്ട് പുറത്താക്കപ്പെടുന്ന അനുഭവവും ഉണ്ടായേക്കാം.
എന്നാൽ ഒന്നോർക്കുക.പുറംമോടിയിൽ അല്ല കാര്യം. പുറംമോടി നോക്കി തെരഞ്ഞെടുക്കുന്നവർ ഒരുനാൾ നമ്മെ തള്ളിക്കളയും. എന്നാൽ നമ്മെ സൃഷ്ടിച്ചവനായ, നമ്മുടെ ഉള്ളിൽ ചിലത് നിക്ഷേപിച്ചിരിക്കുന്ന,നമ്മുടെ ഉള്ളം ഉള്ളതുപോലറിയുന്ന സർവ്വശക്തനായ ഒരു ദൈവം ഉണ്ട്. നമ്മുടെ പ്രതികൂലസാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാൻ ദൈവത്തിനു കഴിയും.ഇല്ലായ്മയിൽ നിന്ന് ഉളവാക്കുവാനും ജീവിതത്തിൽ ചില പുതിയ കിളിർപ്പുകൾ നൽകുവാനും ദൈവത്തിനു കഴിയും.
അപ്പോൾ നിന്ദിച്ചവരും പരിഹസിച്ചവരും വലിച്ചെറിഞ്ഞവരും എല്ലാം ഒരുനാൾ നിന്റെ അടുക്കൽ വരും. അതേ.....കാലം മുറിവുകൾ മായ്ക്കും എന്നാൽ കാലം ചിലത് തെളിയിക്കും.