Home | Community Wall | 

Ocatkerala.ocat.in
Posted On: 25/05/19 13:52

 

”മകനെക്കൊണ്ട് യാതൊരു രക്ഷയുമില്ല. വലിയ ശാസ്ത്രജ്ഞനാണ് എന്നാണ് ഭാവം. അവന്റെ മുറി ഏതാണ്ട് വര്‍ക്ക്ഷോപ്പ് പോലെയാണ്. നമുക്ക് കയറിച്ചെല്ലാനേ തോന്നില്ല. എപ്പോള്‍ നോക്കിയാലും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. സാധാരണ കുട്ടികള്‍ ടിവി കാണലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കലുമൊക്കെ ഉണ്ടാകും. ഇവന് അതൊന്നുമില്ല. എന്തൊരു സ്വഭാവം.”

ബിസിനസുകാരനായ അച്ഛന്റെ മകനെക്കുറിച്ചുള്ള പരിവേദനങ്ങളാണ്. ശബ്ദത്തില്‍ വാത്സല്യമുണ്ട്. എങ്കിലും മകന്റെ പ്രവര്‍ത്തികള്‍ മനസിലാകാത്ത ഒരച്ഛന്റെ ഉത്കണ്ടയുമുണ്ട്.

”അവന്‍ അവന് താല്പ്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്തിനാണ് വിഷമിക്കുന്നത്. മറ്റുള്ള കുട്ടികളെപ്പോലെ അവന്‍ വെറുതെ സമയം കളയുന്നില്ലല്ലോ? അവന് എന്തെങ്കിലും ലക്ഷ്യമുണ്ടാവാം. ഒരിക്കല്‍ അവന്‍ അത് കണ്ടെത്തും. നമ്മള്‍ അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്.” ഞാന്‍ ചോദിച്ചു.

”കാര്യങ്ങളൊക്കെ ശരി തന്നെ. പക്ഷേ അവന് ലക്ഷ്യമുണ്ടെങ്കില്‍ കൊള്ളാം. ഇല്ലെങ്കില്‍ വെറുതെ സമയം കളയുക തന്നെ മിച്ചം.” അദ്ദേഹത്തിന് അവനില്‍ വിശ്വാസം വരുന്നില്ല.

ഞങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. സംഭാഷണം ഇത്രയും എത്തിയപ്പോള്‍ ചായക്കാരന്‍ കടന്നു വന്നു. ഇനി ഒരു ചായ കുടിക്കാം. ഞങ്ങള്‍ ചായ വാങ്ങി. ടീ ബാഗ് ചായയില്‍ മുക്കി കടുപ്പം കൂട്ടവേ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു ”ഈ ടീ ബാഗുണ്ടായ കഥ വളരെ രസകരമാണ്.”

ഞാന്‍ മെല്ലെ പറഞ്ഞു തുടങ്ങി.

ടീ ബാഗ് ജനിക്കുന്നു

”ന്യൂ യോര്‍ക്കിലെ ഒരു തേയില വ്യാപാരിയായിരുന്നു തോമസ് സള്ളിവന്‍. ഒരിക്കല്‍ വളരെ യാദൃച്ചികമായി തന്റെ സുഹൃത്തുക്കള്‍ക്ക് മനോഹരമായ ചെറിയ സില്‍ക്ക് ബാഗുകളിലാക്കി തേയിലയുടെ സാമ്പിള്‍ അയച്ചു കൊടുത്തു. സാമ്പിള്‍ പാക്കറ്റിന് ഭംഗി ഉണ്ടാകട്ടെ എന്നോര്‍ത്ത് ചെയ്തതാണ്. ടീ സാമ്പിള്‍ കിട്ടിയ ഒരു സുഹൃത്ത് മടിയനായിരുന്നു. തനിക്ക് കിട്ടിയ സില്‍ക്ക് ബാഗ് തുറക്കാനൊന്നും മിനക്കെടാതെ അയാള്‍ അത് പാത്രത്തില്‍ തിളച്ചുകൊണ്ടിരുന്ന വെള്ളത്തിലേക്കിട്ടു. ആ ചായയുടെ രുചി അയാള്‍ക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ടീ ബാഗിന്റെ ജനനം അതായിരുന്നു.”

”ഇങ്ങനെ യാദൃച്ചികമായി അവനും വല്ലതുമൊക്കെ കണ്ടെത്തുമായിരിക്കും” അദ്ദേഹം ചിരിച്ചു. ഞാന്‍ പറഞ്ഞു ”തീര്‍ച്ചയായുമതേ. ലോകത്തിലെ മഹത്തായ പല ബിസിനസ് ആശയങ്ങളുടെയും ജനനം യാദൃച്ചികതയില്‍ നിന്നുമാണ്. തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ലായിരുന്ന ചിലരുടെ കണ്ടുപിടിത്തങ്ങളാണ് പിന്നീട് ലോകം മുഴുവന്‍ വളര്‍ന്ന പല ബിസിനസുകള്‍ക്കും വിത്ത് പാകിയത്.”

ഞങ്ങള്‍ക്ക് മുന്നിലൂടെ ലൈസിന്റെ പാക്കറ്റുകളുമായി ഒരു ബാലന്‍ കടന്നു പോയി. ”ഈ പൊട്ടറ്റോ ചിപ്‌സുകള്‍ക്കും ഒരു കഥ പറയാനുണ്ട്” ഞാന്‍ പറഞ്ഞു.

കേള്‍ക്കാന്‍ താല്പ്പര്യം ഉള്ള പോലെ അദ്ദേഹം തല കുലുക്കി.

പൊട്ടറ്റോ ചിപ്‌സ് എന്ന അബദ്ധം

”ഇതിന്റെയും പിറവി ന്യൂ യോര്‍ക്കിലാണ്. അവിടത്തെ ഒരു റസ്റ്റോറന്റില്‍ കയറിയ ഒരു കസ്റ്റമര്‍ ഫിംഗര്‍ ചിപ്‌സ് ഓര്‍ഡര്‍ ചെയ്തു. ഷെഫ് പാചകം ചെയ്ത ഫിംഗര്‍ ചിപ്‌സ് അയാള്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല. തനിക്ക് കുറച്ചുകൂടെ നേര്‍ത്ത, മൊരിഞ്ഞ ചിപ്‌സ് വേണം എന്നയാള്‍ കടുംപിടിത്തം പിടിച്ചു. ഇത് ഷെഫ് ജോര്‍ജ് ക്രോമിന് പിടിച്ചില്ല. അയാള്‍ കസ്റ്റമറെ ഒരു പാഠം പഠിപ്പിക്കുവാന്‍ പൊട്ടറ്റോ വളരെ നേര്‍മ്മയായി അരിഞ്ഞു വറുത്തു. കസ്റ്റമറെ കളിയാക്കുവാന്‍ പാചകം ചെയ്ത ഈ ചിപ്‌സ് കസ്റ്റമര്‍ക്ക് വളരെ ഇഷ്ട്ടമായി. അങ്ങനെ ലോകത്തിന് പുതിയൊരു വിഭവം കൂടി ലഭിച്ചു. നോക്കൂ, ഇന്ന് ആഗോള വിപണി കീഴടക്കിയ ഒരു ഉത്പന്നമായി അത് മാറിക്കഴിഞ്ഞു.”

”ഇത് വളരെ രസകരമായിരിക്കുന്നു. ഞാന്‍ വിചാരിച്ചിരുന്നത് ഇതൊക്കെ ആരെങ്കിലും നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി കണ്ടെത്തിയവ ആയിരിക്കും എന്നതാണ്. യഥാര്‍ത്ഥത്തില്‍ വലിയ ആശയങ്ങള്‍ അന്വേഷിച്ച് നടക്കുന്നതിന് പകരം നമ്മുടെ ജീവിതത്തിലേക്ക് തന്നെ നോക്കിയാല്‍ ബിസിനസിന് ആവശ്യമുള്ള ഒരുപാട് പുതിയ ആശയങ്ങള്‍ നമുക്ക് ലഭിക്കും. ഈ സംഭവങ്ങള്‍ തന്നെ അതിനുള്ള തെളിവുകളാണ്.” അദ്ദേഹം സംഭാഷണത്തില്‍ കൂടുതല്‍ ഉത്സാഹവാനായി. ഞാന്‍ കൂടുതല്‍ സംസാരിക്കുവാനായി ആദ്ദേഹം ശ്രദ്ധയോടെ കാതുകൂര്‍പ്പിച്ചു.

”താങ്കള്‍ പറഞ്ഞത് ശരിയാണ്. ആശയങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. നാമത് കണ്ടെത്തണം എന്നു മാത്രം. നമുക്ക് മറ്റ് ചില കണ്ടുപിടിത്തങ്ങളിലേക്ക് കൂടി നോക്കാം.”

കോണ്‍ഫ്‌ലേക്‌സ് എന്ന പ്രഭാതഭക്ഷണം

ജോണും വില്‍ കെല്ലോഗ്‌സും കുറെ ധാന്യം വെള്ളത്തിലിട്ട് തിളപ്പിക്കാന്‍ വെച്ചു. രണ്ടുപേരും സത്യം പറഞ്ഞാല്‍ ഈ കാര്യം മറന്നുപോയി. വെള്ളം അവിടെക്കിടന്ന് പറ്റി ധാന്യം ഏതാണ്ട് ഒരു പരുവമായപ്പോഴാണ് ഇവര്‍ ഇതിനെക്കുറിച്ചോര്‍ത്തത്. നോക്കിയപ്പോഴേക്കും ധാന്യം വേറെന്തോ പരുവമായി മാറിയിരിക്കുന്നു. രുചിച്ചു നോക്കിയപ്പോള്‍ സംഗതി കൊള്ളാം. അങ്ങനെ അബദ്ധത്തില്‍ പിറന്ന ഒരു മഹാ ബിസിനസിന്റെ കൂട്ടത്തില്‍ കോണ്‍ഫ്‌ലേക്‌സും കടന്നു കൂടി.

ചുണ്ടില്‍ തീയുള്ള തീപ്പെട്ടിക്കൊള്ളി

ബ്രിട്ടീഷ് ഫാര്‍മസിസ്റ്റ് ആയിരുന്ന ജോണ്‍ വാല്‍കൊവ് ഒരു പാത്രത്തിലിട്ട് തന്റെ കെമിക്കലുകള്‍ ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇളക്കിക്കൊണ്ടിരുന്ന വടിയുടെ അഗ്രത്തില്‍ എന്തോ പറ്റിപ്പിടിച്ചതായി ജോണ്‍ ശ്രദ്ധിച്ചു. അത് ഉരച്ചു കളയാനായി ജോണ്‍ ശ്രമിച്ചപ്പോള്‍ അത് ഒരു തീനാളമായി കത്തി. ജോണിന്റെ തലയില്‍ ഒരു ബള്‍ബ് മിന്നി. ചുണ്ടില്‍ തീയുമായി അങ്ങനെ തീപ്പെട്ടിക്കൊള്ളി ജന്മമെടുത്തു.

മൈക്രോവേവ് അവന്‍ എന്ന ചെറിയ പാചകപ്പുര

റഡാറുമായി ബന്ധപ്പെട്ട ഒരു വാക്വം ട്യൂബിന്റെ പരീക്ഷണത്തിലായിരുന്നു പേര്‍സി സ്‌പെന്‍സര്‍. അദ്ദേഹത്തിന്റെ പോക്കറ്റില്‍ ഒരു ചോക്ലേറ്റ് ബാര്‍ കിടപ്പുണ്ടായിരുന്നു. പരീക്ഷണം തുടരവേ ഈ ബാര്‍ ഉരുകുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇതിന്റെ കാരണം കണ്ടുപിടിച്ച് ആ അറിവില്‍ നിന്ന് അദ്ദേഹം മൈക്രോവേവിന്റെ പേറ്റന്റ് കരസ്ഥമാക്കി.

”ഇത് ചിലത് മാത്രമാണ്. യാദൃച്ചികമായി കണ്ടെത്തിയ എത്രയോ ഉത്പന്നങ്ങള്‍. ഇവയില്‍ പലതും അവിശ്വസനീയമായ വാണിജ്യ വിജയങ്ങളായി മാറി. കൊക്കോകോളയും വയാഗ്രയും ഉദാഹരണങ്ങളാണ്. എക്‌സ് റേയും പെന്‍സിലിനുമുള്‍പ്പെടെയുള്ള കണ്ടുപിടിത്തങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് വരെ കാരണമായി. ഇവയൊന്നും തന്നെ ഇവക്കായി നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നതല്ല. മറിച്ച് അപ്രതീക്ഷിതമായി വരദാനം ലഭിച്ചത് പോലെ സംഭവിച്ചതാണ്.” ഞാന്‍ പറഞ്ഞു നിര്‍ത്തി.

”അവന്‍ പരീക്ഷണങ്ങള്‍ തുടരട്ടെ. മാറ്റം വേണ്ടത് എന്നിലാണ്. ഞാന്‍ ഇന്നു മുതല്‍ അവന് പൂര്‍ണ്ണ പിന്തുണ കൊടുക്കുവാന്‍ തീരുമാനിച്ചു.” അദ്ദേഹം നിറഞ്ഞ ചിരിയോടെ പറഞ്ഞു. മകനെക്കുറിച്ചാണ്.

ശരിയാണ്, ആര്‍ക്കറിയാം എവിടെ നിന്ന് എന്തൊക്കെ ആശയങ്ങളാണ് ഉടലെടുക്കുവാന്‍ പോകുന്നതെന്ന്? ആരൊക്കെയാണ് അതിന് കാരണക്കാരാവുകയെന്ന്. നാം നിര്‍ത്തുന്നിടത്തു നിന്ന് മറ്റാരെങ്കിലും തുടരും. ഒരു പ്രയത്‌നവും പാഴാവുകയില്ല. ഈ ലോകം വളരെ വിചിത്രമാണ്. ഒന്നും പ്രവചിക്കാനാവാത്ത ഒരു അത്ഭുത പ്രതിഭാസം.

#sudheerbabu #devalor #samrambhakan #malayalamarticle Sudheer Babu



Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading