ഒരു ദിവസം നാട്ടിലുള്ള സുഹൃത്തിന്റെ ഫോൺ വന്നു. പാർട്ട് ടൈം ജോലി എന്ന് പറഞ്ഞാണ് എന്നേ ബന്ധപ്പെടുന്നത്. നേരിട്ട് കാണാൻ പറ്റുമോ എന്നും ചെറിയൊരു ഇന്റർവ്യൂ ഉണ്ട് എന്നും ഫോണിലൂടെ അറിയിച്ചു.
സത്യത്തിൽ ജോലി എന്നതിനപ്പുറം നാട്ടിലുള്ള സുഹൃത്തിന് പ്രവാസലോകത്ത് നിന്ന് കാണാനും ഒരുമിച്ചിരിക്കാനും കഴിയുന്ന സന്തോഷത്തിലാണ് ഞാൻ.
അന്ന് രാത്രി തന്നെ അവനെന്നെ കാറിൽ കൂട്ടാൻ വന്നു. നേരെ ഒരു മാളിലെ ഫുഡ് കോർട്ടിലേക്കാണ് പോയത്. അൽപ്പം ഞങ്ങൾ നാട്ടുവിശേഷങ്ങൾ പങ്കിട്ട ശേഷം കമ്പനി ഓണർ എന്നോട് സംസാരിക്കുമെന്നും അദ്ദേഹം ജോലിയെ കുറിച്ച് ഡിറ്റൈൽ ആയി പറയുമെന്നും പറഞ്ഞു അവൻ മാറിയിരുന്നു.
അങ്ങനെ കമ്പനി ഓണർ എന്നോട് സംഭവം വിവരിക്കാൻ തുടങ്ങി. ഇതൊരു ജോലിയല്ല മറിച്ച് ബിസിനസാണെന്നും അതിൽ എന്റെ ഷെയറിനെ കുറിച്ചും അതിലൂടെ എനിക്ക് കിട്ടുന്ന പ്രോഫിറ്റിനെ കുറിച്ചുമാണ് സംസാരിക്കുന്നത് എന്നും തുടങ്ങി കുറേ കണക്കുകളും പ്രൊഡക്റ്റുകളും എന്റെ മുന്നിൽ വെച്ചു.
പിന്നീട് അയാൾ എന്നേ പതിയെ പതിയെ സ്വപ്നങ്ങളിലേക്ക് തള്ളിയിടാൻ തുടങ്ങി. BMW കാറ് , ഐഫോണ് , വിദേശ യാത്രകൾ, ജോലി ചെയ്യാതെ തന്നെ മാസാമാസം ലക്ഷങ്ങൾ വരുമാനം.
അങ്ങനെ ഞാൻ അയാളുടെ മോഹനവാഗ്ദാനങ്ങളിൽ മെല്ലെ അലിഞ്ഞു വീണു തുടങ്ങി.
മണി ചെയിൻ അല്ല മറിച്ച് ഇത് ഡയരക്റ്റ് സെല്ലിംഗ് ആണെന്നും പിന്നീട് ബിസിനസിന്റെ വിശ്വാസ്യത എന്നെ കാണിക്കാനായി അവർ ഫുട്ബോൾ ക്ലബിനെ സ്പോൺസർ ചെയ്യുന്നതും അവരെ കുറിച്ച് ഫോബ്സ് മാഗസിനിൽ വന്നതും പിന്നെ കുറേ പത്ര കട്ടിങ്ങുകളും കാട്ടി എന്നെ കൂടുതൽ വിശ്വസിപ്പിച്ചു. അവരുടെ തട്ടിപ്പിനെ കുറിച്ചുള്ള നെറ്റിലെ വാർത്തകൾ വ്യാജമാണെന്ന് പറയാനും മറന്നില്ല.
അതിന് ആദ്യം 8000 ദിർഹം (ഒന്നര ലക്ഷം രൂപ) കൊടുത്ത് ഒരു പ്രൊഡക്ട് വാങ്ങണമെന്നും അപ്പോൾ രജിസ്റ്റർ ആവുമെന്നും പിന്നീട് എന്റെ കേറോഫിൽ ഓരോ ആൾ അംഗമാവുമ്പോഴും എനിക്ക് അവരിൽ നിന്നായി കമ്മീഷൻ കിട്ടുമെന്നും പറഞ്ഞു.
അത്രയും പണം കയ്യിൽ ഇല്ലാത്തതിനാൽ എന്നോട് അവർ എങ്ങനെയെങ്കിലും പണമുണ്ടാക്കാൻ നിരന്തരം പ്രലോഭിപ്പിച്ചു. പല രീതിയിലും അവർ ഫോർസ് ചെയ്തു തുടങ്ങി. ആളുകളോട് പല കള്ളങ്ങളും പറയാൻ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ ഭാഗ്യത്തിന് എവിടെന്നും പണം കിട്ടിയല്ല.
അങ്ങനെ തൊട്ടടുത്ത ദിവസം വലിയൊരു ഹോട്ടലിൽ പ്രത്യേക ക്ലാസിന് എന്നേ അവർ കൊണ്ടുപോയി. നൂറ് ശതമാനം ബ്രെയിൻ വാഷിംഗാണ് ആ ക്ലാസ് എന്ന് മനസ്സിലായതോടെ ഞാൻ പതുക്കെ പിൻവലിഞ്ഞു. നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയ സുഹൃത്തിനോട് ഞാനില്ല എന്ന് പറഞ്ഞു ഒഴിവായിട്ടും ശല്യം തുടർന്നതോടെ അവന്റെ നമ്പർ ബ്ലോക്ക് ചെയ്തിട്ടു.
സത്യത്തിൽ കമ്പനി ഓണർ എന്ന് പറഞ്ഞു എന്നേ പരിചയപ്പെടുത്തിയത് എന്റെ സുഹൃത്തിനെ മണിചെയിനിൽ ചേർത്ത ആളെയാണ്. മാർക്കറ്റിൽ ആയിരം രൂപ പോലും വിലയില്ലാത്ത ഒരു സാധനമാണ് 8000 ദിർഹം (ഒന്നര ലക്ഷം രൂപ)ന് എന്നോട് വാങ്ങാൻ പറഞ്ഞത് അതുപോലെ 2000 രൂപ വിലയില്ലാത്ത ഹോട്ടൽ റൂമിന് അവരിടുന്ന വില രണ്ട് ലക്ഷമാണ്.
ഈ ചൂഷണങ്ങളിൽ ഒക്കെ പാവപ്പെട്ട പലരും വീഴുന്നുണ്ട്. ചിലരൊക്കെ അതിൽ നിന്ന് സമ്പാദിക്കും ഭൂരിഭാഗം പേരും പറ്റിക്കപ്പെടും.
ഒരിക്കൽ ഈ ചൂഷണത്തിൽ പെട്ടുപോയവർ മറ്റുള്ളവരെ കൂടി കുടുക്കാനുള്ള ഓട്ടമായിരിക്കും പിന്നീടുള്ള അവരുടെ ജീവിതം.
മണി ചെയിൻ- തട്ടിപ്പിന്റെ രീതികൾ
__________
നേരത്തെ പറഞ്ഞത് എന്റെ ഒരു അനുഭവം മാത്രമാണ് . ഇനി അവരുടെ തട്ടിപ്പ് രീതികളെ കുറിച്ച് നിങ്ങളോട് പറയാം.
ബന്ധങ്ങളെയും ബന്ധങ്ങളിലൂടെ പാവപ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങളെ ചൂഷണം ചെയ്യുക എന്നതാണ് അവരുടെ രീതി.
അവർ ആദ്യം തയ്യാറാക്കുന്നത് അവരുടെ ബന്ധുക്കൾ സുഹൃത്തുക്കൾ സുഹൃത്തിന്റെ അനിയൻ നാട്ടുകാർ എന്നിങ്ങനെ ഒരു തവണ നോക്കി ചിരിച്ചവരുടെ പോലും പേരും നമ്പറും ഒരു കടലാസിൽ എഴുതി വെക്കുക എന്നതാണ്.
അടുത്ത സ്റ്റെപ്പിൽ എഴുതി വെച്ച കോൺഡേക്റ്റിൽ നിന്നും ഒരു ഇരയെ അവർ തിരിഞ്ഞെടുക്കും. അത് നിങ്ങളാണെന്ന് മനസ്സിൽ കരുതുക.
നിങ്ങളോടുള്ള ബന്ധം വെച്ച് അവർ നിങ്ങളെ വിളിക്കും. പാർട്ട് ടൈം ജോലി, ബിസിനസ് ക്ലാസ് , മോട്ടിവേഷൻ ക്ലാസ് എന്നിങ്ങനെ ഏതെങ്കിലും പേരിൽ അവർ നിങ്ങളെ കാണണം എന്ന് പറയും. നിങ്ങളെ അവരുടെ മുന്നിൽ എത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.
ഇനി അവർ പറഞ്ഞതു പോലെ നിങ്ങൾ പരസ്പരം മീറ്റ് ചെയ്താൽ നിങ്ങളുടെ സുഹൃത്ത് ഒരാളെ പരിചയപ്പെടുത്തും അയാൾ നിങ്ങളോട് ഒരു ബിസ്നസിനെ കുറിച്ച് സംസാരിക്കും. ഡയരക്റ്റ് സെല്ലിംഗിന്റെ സാധ്യതകളും ആഗോള തലത്തിലെ പ്രതിഭാസങ്ങളും ഇനി വരാൻ പോകുന്നത് ഡയരക്റ്റ് സെല്ലിംഗിന്റെ ലോകമാണ് എന്ന് തുടങ്ങുന്ന പന്ത്രണ്ടാം ക്ലാസിലെ ബിസിനസ് പിരീട് ഐറ്റമാണ് ശേഷം വരിക.
ഇനി ബിസിനസിലേക്ക് ക്ഷണിക്കുന്നതാണ്.
അതിന് ആദ്യം അവർ നിങ്ങളെ കുറേ സ്വപ്നങ്ങളിലേക്ക് തള്ളിയിടും. കഷ്ടപാടുകളൊന്നും ഇല്ലാതെ ആർഭാടമായ ഒരു ജീവിതത്തെ കുറിച്ച് നിങ്ങളെ ചിന്തിപ്പിക്കും.
പിന്നീട് അവർ നിങ്ങളെ അവരുടെ കമ്പനിയെ കുറിച്ച് പരിചയപ്പെടുത്തും. അവർ ഫുട്ബോൾ ക്ലബിന് സ്പോൺസർ ചെയ്യുന്നതും കമ്പനിയെ പറ്റി ഫോബ്സ് മാഗസിനിൽ വന്നതും കുറേ പത്ര വാർത്തകളും മുന്നിൽ വെക്കും. അവരുടെ കമ്പനിയെ കുറിച്ചുള്ള ഗൂഗിളിൽ വരുന്ന തട്ടിപ്പ് വാർത്തകളും പോലീസ് കേസുകളും അസൂയക്കാര് നൽകുന്നതാണ് എന്ന് നിങ്ങളെ വിശ്വസിപ്പിക്കും.
അടുത്തത് കമ്പനിയുടെ മുതലാളിയായ തമിഴ് നാട്ടിലെ ഒരു തള്ളയെ കുറിച്ചാണ് നിങ്ങളോട് പറയുക. അവർ ജീവിതത്തിൽ സഹിച്ച കഷ്ടപാടും കണ്ണീരും അവരുടെ കാലില്ലാത്ത റേസിംഗ് ചാമ്പ്യൻ മകനെ കുറിച്ചും ഒരു സീരിയൽ കഥ പോലെ നിങ്ങളോട് പറഞ്ഞു തീരും. അവരുടെ ചാരിറ്റിയെ കുറിച്ചുള്ള പോരിശയും അതിനിടെ കടന്നുപോവും.
ഇനി നിങ്ങളെ അവരുടെ പാർട്ടനർ ആക്കുകയാണ് . അതിന് ആദ്യം ആ ബിസ്നസിൽ രജിസ്റ്റർ ചെയ്യാൻ 800 ദിർഹംസും പിന്നീട് ഷെയർ ഹോൾഡറാവാൻ ചുരുങ്ങിയത് 8000 ദിർഹമിന് ( ഒന്നര ലക്ഷം) അവരുടെ ഒരു പ്രൊഡക്ട് വാങ്ങാനും ആവശ്യപ്പെടും. അവരുടെ ഫാമിൽ നിന്ന് തന്നെ ഉണ്ടാക്കുന്ന പ്രൊഡക്ട് എന്നാണ് അവർ അവകാശപ്പെടുന്നത്.
നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ പണം കണ്ടെത്താൻ അവർ തന്നെ മാർഗം പറഞ്ഞു തരും. ക്രഡിറ്റ് കാർഡ് അല്ലെങ്കിൽ സുഹൃത്തുക്കളോടൊ ബന്ധുക്കളോടോ കടം വാങ്ങൽ അല്ലെങ്കിൽ നാട്ടിലെ സ്ഥലമോ ഉമ്മാന്റെ സ്വർണ്ണമോ വിറ്റ് ഗൾഫിലോട്ട് അയക്കാൻ പറയും. അങ്ങനെ നൂറ് നൂറ് വിദ്യകൾ അവർ നിങ്ങൾക്ക് കാട്ടിത്തരും.
മാർക്കറ്റിൽ ആയിരം രൂപ പോലും വിലയില്ലാത്ത വാച്ചിന് അവരുടെ കമ്പനി വില ലക്ഷങ്ങളാണ്. രണ്ടായിരം രൂപയുടെ ഹോട്ടൽ റൂമിന്റെ വില അവരുടെ സൈറ്റിൽ രണ്ട് ലക്ഷമായിരിക്കും. രജിസ്ട്രേഷന് ശേഷം ലക്ഷങ്ങൾ വിലയുള്ള അവരുടെ ഏതെങ്കിലും സാധനങ്ങളോ സർവ്വീസോ ഉപയോഗിച്ചാൽ മാത്രമെ നമുക്ക് ഷെയർ കിട്ടാൻ തുടങ്ങൂ. അല്ലെങ്കിൽ രജിസ്ട്രേഷന് കൊടുത്ത 800ഉം പോവും.
ഇനി ഏതെങ്കിലും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്കാണ് നിങ്ങളെ അവർ കൂട്ടി കൊണ്ടുപോവുന്നത്. അവിടെ നിങ്ങളെ പോലെ തന്നെ പല ആളുകളും ആദ്യമായി അവിടെ വന്നിട്ടുണ്ടാവും.
അടുത്തത് ഈ ബിസിനസ് ചെയ്തു ജീവിതം വിജയം നേടിയ ആളുകളെ പരിചയപ്പെടുത്തുന്ന സെക്ഷനാണ്. ലക്ഷങ്ങളുടെ ശമ്പളവും പണിയും ഒഴിവാക്കി ഈ പണി മാത്രം ചെയ്യുന്നവർ, മണിചെയിൻ ബിസിനസ് ചെയ്തു റോൾസ് റോയിസ് വാങ്ങിയവർ ,BMW വാങ്ങിയവർ, വീട് വെച്ചവർ തുടങ്ങി കുറേ കോട്ടിട്ട തെണ്ടികളെ പുകഴ്ത്തി പറയുന്ന ഓരോ സീനിനും നിർത്താതെ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കും.
ഡീപ് ബ്രീത്ത് എടുപ്പിക്കും എന്നിട്ട് സ്വപ്നം കാണാൻ പറയും. I can I can I can എന്നിങ്ങനെ 20 തവണ ഉറക്കെ കൂട്ടത്തോടെ ചൊല്ലിക്കും ഉറക്കെ പൊട്ടിച്ചിരിക്കാൻ പറയും . പിന്നെ കുറേ ചെക്ക് കൈമാറുന്ന സീനുകളാണ് അതിനും നിർത്താതെ കയ്യടിപ്പിക്കും. അങ്ങനെ കുറെ കളിയും ചിരിയുമായി ആ ദിവസം അവസാനിക്കും.
ഇനിയും നിങ്ങൾ അവരുടെ പിറകെ പോവുന്നുണ്ടെങ്കിൽ നിങ്ങളെ അവർ ബ്രെയിൻ വാഷ് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾ പഠിക്കുക ലക്ഷങ്ങൾ വെള്ളത്തിലാകുമ്പോഴോ കടം വാങ്ങി പണി കിട്ടിയാലോ ആയിരിക്കും.