കുറേപ്പേർ ഒരുമിച്ചു് ജോലി ചെയ്തിരുന്ന സ്ഥലത്തു്, ഒരു വഴിപോക്കൻ എത്തിച്ചേർന്നു. അവർ എന്തെടുക്കുകയാണെന്നയാൾ ചോദിച്ചു? ഒന്നാമത്തെയാൾ പറഞ്ഞു: താൻ തടി ചിന്തേരിടുകയാണെന്നു്. രണ്ടാമൻ പറഞ്ഞു: താൻ കല്ലു കെട്ടുകയാണെന്നു്. മറ്റൊരാൾ പറഞ്ഞു: താൻ തറയിൽ മാർബിൾ വിരിക്കുകയാണെന്നു്. അപ്പോഴാണു്, ഒരു വലിയ ബക്കറ്റു് വെള്ളവുമായി, മറ്റൊരാൾ വന്നതു്. വഴിയാത്രക്കാരൻ, അതേ ചോദ്യം, അയാളോടും ചോദിച്ചു. അദ്ദേഹത്തിൻ്റെ മറുപടി: താനൊരു ദേവാലയം പണിയുകയാണെന്നായിരുന്നു!
ഓരോ പ്രവൃത്തിയും, രണ്ടു ചോദ്യങ്ങളെ ടിസ്ഥാനപ്പെടുത്തിയാണു്, വിലയിരുത്തപ്പെടേണ്ടതു്. ഒന്നു്: എന്തു ചെയ്യുന്നു? രണ്ടു്: എന്തിനു വേണ്ടി ചെയ്യുന്നു? ആദ്യ ചോദ്യത്തിൻ്റെ ഉത്തരം എല്ലാവരും ഉടനെ തന്നെ പറയും: ബിസിനസ്സ് ചെയ്യുന്നു; പഠിപ്പിക്കുന്നു; കൃഷി ചെയ്യുന്നു, എന്നിങ്ങനെ. എന്തിനു വേണ്ടി, ഇവയൊക്കെ ചെയ്യുന്നുവെന്ന ചോദ്യത്തിനു്, ഒരേ തൊഴിൽ ചെയ്യുന്നവർ പോലും, പല ഉത്തരങ്ങളാകും നൽകുക! പലർക്കും ഒരുത്തരം പോലും ഉണ്ടാകണമെന്നില്ല! സാമൂഹ്യ ശ്രേയസ്സിനും പൊതുനന്മയ്ക്കുമായി (അപര നന്മ )പ്രവർത്തിക്കുമ്പോഴാണു്, നമ്മുടെ പ്രവൃത്തി, ലക്ഷ്യബോധത്തോടെയുള്ളതാകുന്നതു്!
എന്തിനേയും അതിൻ്റെ സമഗ്രതയിൽ കാണാൻ കഴിയണം. നാം ചെയ്യുന്ന ഒരു പ്രവൃത്തിയും അതിൽ തന്നെ സമ്പൂർണ്ണമാകണമെന്നില്ല. എന്നാൽ, നാം ചെയ്യുന്ന പ്രവൃത്തി എത്ര ചെറുതായിരുന്നാലും, അവ ചില വലിയ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടിയായിരിക്കും നാം ചെയ്യുക!
സ്വന്തം സ്ഥാനമല്ല ലക്ഷ്യസ്ഥാനമാണു മുഖ്യം. ഫുട്ബോൾ കളിക്കുന്നവർ, തങ്ങൾ പിൻനിരയിലാണോ, മദ്ധ്യനിരയിലാണോ, മുൻനിരയിലാണോ കളിക്കുന്നതു്, എന്നു ചിന്തിക്കാറില്ല. എല്ലാവർക്കും ഒരേ ലക്ഷ്യമായിരിക്കും മുൻപിൽ: ഗോളടിക്കണം; കളി ജയിക്കണം! ജോലിയുടെ ഭാഗം മാത്രമാകാതെ, ജോലി എന്തിനു വേണ്ടി ചെയ്യുന്നുവോ, ആ ലക്ഷ്യത്തിൻ്റെ ഭാഗമാകാൻ നമുക്കു കഴിയണം. കേവലം ഒരു പ്രവൃത്തിയുടെ മാത്രം ഭാഗമായാൽ, പ്രവർത്തിക്കുന്നവരിൽ അതു്, മുഷിവും മടുപ്പും സൃഷ്ടിക്കും. എന്നാൽ, അവർ, ലക്ഷ്യത്തിൻ്റെ ഭാഗമാകുമ്പോൾ, ആ ലക്ഷ്യം പൂർത്തീകരിക്കുന്നതു വരെ, അവർ ആവേശ ഭരിതരായിരിക്കും! എപ്പോഴും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നവരായിരിക്കുവാൻ നമുക്കുത്സാഹിക്കാം? സർവ്വേശ്വരൻ തുണക്കട്ടെ. എല്ലാവർക്കും നന്മ നേരുന്നു. നന്ദി, നമസ്ക്കാരം.
Itty AV