റോഡപകടങ്ങളില്‍ എന്നും പഴി ഡ്രൈവറുടെ അശ്രദ്ധയെ പറ്റി മാത്രമാവും... ശരിയാണ് സുഹ്രുത്തുക്കളെ ... 99% അശ്രദ്ധ തന്നെയാണ്.. പക്ഷെ , ഒരു ഡ്രൈവര്‍ എന്ന നിലയില്‍ ബാക്കിയുള്ള ആ ഒരുശതമാനത്തെ പറ്റി നിങ്ങളെയൊക്കെ ചൂണ്ടികാണിക്കാതെ വയ്യ...
ലോറി ഡ്രൈവര്‍മാരെ പറ്റിയാണ് പറയുന്നത്..
സ്വന്തം വാഹനമുള്ള ഡ്രൈവര്‍മാര്‍ അപകടത്തില്‍ പെടുന്നത് കുറവാണ്. കൂടുതലും മറ്റ് കമ്പനികളുടെ , (logistic , transport , exprass lod ) വാഹനങ്ങളാണ്.. ഇതിനൊരു പ്രധാന കാരണം ഇന്ത്യയിലെ തൊഴിലില്ലായ്മ തന്നെയാണ്.. കണ്ണ് മിഴിക്കണ്ട.. കാര്യത്തിലേക്ക് വരാം.
ഒരു ഡ്രൈവര്‍10 വര്‍ഷം പണിയെടുത്തിട്ട്പോലും 10രൂപ കൂടുതല്‍ കൂട്ടിചോദിച്ചാല്‍ , 10 ദിവസം ലീവെടുത്താല്‍ ഡ്രൈവറോട് പോലും ചോദിക്കാതെ പിരിച്ച് വിടുന്ന നാടാണ് നമ്മുടേത്.. തൊഴില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി പുതിയ ആളുകളെ നിയമിക്കാന്‍ ( പുതിയ ആളുകളെ കുറ്റംപറയാന്‍ പറ്റില്ല .. അവര്‍ക്കും തൊഴില്‍ വേണ്ടേ......? ) ഒരു ഉളുപ്പും ഇല്ലാത്ത കമ്പനികള്‍. പത്ത് രൂപ ലാഭത്തിന് വേണ്ടി രണ്ട് ഡ്രൈവര്‍മാര്‍ പോകേണ്ട വാഹനത്തില്‍ ഒരാളെ മാത്രം നിയമിച്ച് ലാഭം കൊയ്യുന്ന കമ്പനികള്‍. ഓവര്‍ ഡ്യൂട്ടികള്‍ കൊടുത്ത് 10ഉം 12ഉം മണിക്കൂര്‍ നിര്‍ത്താതെ ഓടിക്കുന്ന കമ്പനികള്‍. വാഹനങ്ങളുടെ കംപ്ലൈന്‍റ് ഡ്രൈവര്‍ പറഞ്ഞാല്‍ പോലും അത് വകവയ്ക്കാതെ വഴിയില്‍ കിടക്കുന്നത് വരെ വാഹനം ഓടിക്കാന്‍ നിര്‍ബന്ധിക്കുന്ന കമ്പനികള്‍. ഇങ്ങനെ ഒരുമാതിരിപെട്ട മിക്കകമ്പനികളുടേയും ലാഭകൊതിയുടെ ഫലമായാണ് റോഡില്‍ പൊലിയുന്ന ഒട്ടുമിക്ക വലിയ അപകടങ്ങള്‍ക്കും ഒരു പ്രധാന കാരണം.
തൊഴിലാളി നിയമങ്ങള്‍ പാലിച്ച് എത്ര കമ്പനികള്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നുണ്ട് എന്ന് ഉത്തരവാദിത്വപെട്ടവര്‍ പരിശോദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്...
ഡ്രൈവര്‍ മാരും മനുഷ്യരാണ്. അവര്‍ക്ക് ഉറങ്ങാനുള്ള സമയം, ഫ്രഷ്ആവാനുള്ള ഇടങ്ങള്‍ , എന്തിനേറെ റോഡുസൈഡുകളില്‍ ഒരു പബ്ലിക്ക് ടോയിലെറ്റുകളെങ്കിലും നല്‍കാന്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് പരിശോദിച്ച് നോക്കൂ... തൊഴില്‍ നിയമങ്ങളൊക്കെയുണ്ട്. പക്ഷെ, തൊഴിലാളിക്ക് അതിന്‍റെ ആനുകൂല്ല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല എന്ന് മാത്രം. എട്ട് മണിക്കൂര്‍ ആണ് ഇന്ത്യന്‍ തൊഴില്‍ സമയം ( ഇന്നുവരെ മാറ്റം വന്നിട്ടില്ല എന്ന് തോന്നുന്നു ) പക്ഷെ , ഒരു ഡ്രൈവര്‍ മിക്കവാറും ഓടിക്കേണ്ടത് 10 - 12 മണിക്കൂര്‍ വരെയാണ്. ഇതൊക്കെ ആര് പരിശോദിക്കാന്‍.. നിയമപാലകര്‍ക്ക് കാക്കിയുണ്ടോ , മദ്യപിച്ചിട്ടുണ്ടോ , ലൈസന്‍സുണ്ടോ എന്നെല്ലാം അറിഞ്ഞാല്‍ മതി.(അത് വേണ്ടാ എന്നല്ല )
അവരുറങ്ങിയിട്ടുണ്ടോ......? എത്ര ദിവസമായി യാത്ര തുടങ്ങിയിട്ട് ......? ഇനിയെത്ര ദൂരം പോകാനുണ്ട് ......? എവിടെയാണ് അടുത്ത halt? എന്നുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന നിയമപാലകര്‍ എത്രയുണ്ട് നമ്മുടെ നാട്ടില്‍..?
പകലും , രാത്രിയും വാഹനം ഓടിക്കുന്നവരാണ് മിക്കവാറും ലോറി ഡ്രൈവര്‍മാര്‍ . 10 ഉം 15ഉം ദിവസം അന്യനാടുകളിലുള്ള ലോറി ബുക്കിംഗ് ഓഫീസുകളില്‍ കിടന്നതിന് ശേഷമാവും ഒരു ലോഡ് സ്വന്തം നാട്ടിലേക്ക് കിട്ടുക. കിട്ടിയ ലോഡ് പരമാവതി വേഗം നാട്ടിലിറക്കി സ്വന്തം കുടുംബത്തില്‍ വന്ന് ചേരാന്‍ വേണ്ടിയാവും രാവുംപകലുമില്ലാതെ പലരും ഉറക്കംപോലും ഉപേക്ഷിച്ച് ഡ്രൈവ്ചെയ്യാന്‍ മുതിരുക. അവര്‍ക്ക് വഴിയില്‍ വേണ്ടസൗകര്യം ഒരുക്കികൊടുക്കാതെ അവരുടെ കൈയ്യിലുള്ള പണം , നിയമത്തിന്‍റെ പഴുത് പറഞ്ഞ് പിടിച്ച്പറിക്കുന്നവരാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും നിയമപാലകര്‍.
ഡ്രൈവര്‍മാരെ കഴുതകളെ പോലെ പണിയെടുപ്പിക്കുന്ന കമ്പനികള്‍ക്കും , റോഡില്‍ ഒരു സൗകര്യവും ഡ്രൈവര്‍മാര്‍ക്ക് ഒരുക്കികൊടുക്കാത്ത സര്‍ക്കാരുകള്‍ക്കും പല റോഡപകടങ്ങളില്‍ നിന്നും കൈയ്യൊഴിയാന്‍ സാധിക്കില്ല. അവരുടെ പങ്കും നിര്‍ണ്ണായകമാണ്. അപകടശേഷം ഡ്രൈവറുടെ അശ്രദ്ധ എന്ന തലകെട്ടോടെ പത്രങ്ങളും , നവമാധ്യമങ്ങളും കൊട്ടിഘോഷിക്കും. ഇനിയും റോഡില്‍ ജീവന്‍ പൊലിയും.. തൊഴില്‍നിയമങ്ങള്‍ പൊടിപിടിച്ചങ്ങനെ കിടക്കും.
Nb; ഒരു ഉറുമ്പിനെ പോലും മനപൂര്‍വ്വം കൊല്ലാന്‍ ഒരു ഡ്രൈവര്‍ക്കും സാധിക്കില്ല. നിയമങ്ങള്‍ കര്‍ശ്ശനമാക്കുന്നതിന് മുന്‍പ് തൊഴില്‍ ചെയ്യുന്നവന്‍റെ തൊഴിലിടങ്ങളില്‍ എത്രത്തോളം തൊഴിലാളിക്കുള്ള അവകാശങ്ങള്‍ കമ്പനികള്‍ നല്‍കുന്നുണ്ട് എന്ന്കൂടി നിയമപാലകര്‍ പരിശോദനയ്ക്ക് വിധേയമാക്കുന്നത് നല്ലതാണ്. റോഡപകടങ്ങള്‍ അവസാനിക്കട്ടെ.. സര്‍ക്കാര്‍സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കട്ടെ..
അവിനാശിയില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് കണ്ണീരഞ്ജലികള്‍ അര്‍പ്പിക്കുന്നു.
വേദനയോടെ
ഒരു ഡ്രൈവര്‍ #വയനാട്ടുകാരന്